പാംപ്ലോണ (സ്പെയിൻ): ലോകപ്രശസ്തമായ സ്പെയിനിലെ "റണ്ണിംഗ് ഓഫ് ദി ബുൾസ്' (Running of the Bulls) അഥവാ സാൻ ഫെർമിൻ ഉത്സവത്തിന് വടക്കൻ സ്പെയിനിലെ പാംപ്ലോണ നഗരത്തിൽ ആവേശകരമായ തുടക്കമായി.
നഗരത്തിന്റെ കാവൽ വിശുദ്ധനായ സാൻ ഫെർമിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പരമ്പരാഗതമായ "ചുപിനാസോ' (Chupinazo) റോക്കറ്റ് വിക്ഷേപണത്തോടെയാണ് ഉത്സവത്തിന് ഔദ്യോഗിക തുടക്കമായത്.
പാംപ്ലോണ ടൗൺ ഹാളിന്റെ ബാൽക്കണിയിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയർന്നതോടെ നഗരചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ചുവന്ന സ്കാർഫുകൾ വീശിയും പരസ്പരം വീഞ്ഞും മുന്തിരിച്ചാറും ഒഴിച്ചും ആഘോഷങ്ങളിൽ മുഴുകി.
സാൻ ഫെർമിനോടുള്ള ആദരസൂചകമായാണ് ചുവന്ന സ്കാർഫ് ധരിക്കുന്ന പതിവ്. ഉത്സവത്തിലെ പ്രധാന ആകർഷണമായ കാളയോട്ടം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും.
ജൂലൈ 14 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് നടക്കുന്ന കാളയോട്ടത്തിൽ ഏകദേശം 600 കിലോഗ്രാം വരെ ഭാരമുള്ള ആറ് പോരുകാളകളെ 848 മീറ്റർ നീളമുള്ള നഗരത്തിലെ ഇടുങ്ങിയ പാതയിലൂടെ ഓടിച്ചുവിടും.
കാളകൾക്ക് മുന്നിലായി നൂറുകണക്കിന് സാഹസികരാണ് ജീവൻ പണയംവെച്ച് ഓടുന്നത്. എല്ലാ വർഷവും നിരവധി പേർക്ക് പരിക്കേൽക്കാറുണ്ടെന്നും 1924 മുതൽ രേഖകൾ സൂക്ഷിച്ചുവരുന്നതിനിടെ ഇതുവരെ 16 പേർ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രാവിലെ കാളയോട്ടത്തിൽ പങ്കെടുത്ത കാളകളെ വൈകുന്നേരം നഗരത്തിലെ ബുൾറിംഗിൽ നടക്കുന്ന പരമ്പരാഗത കാളപ്പോരിൽ കൊല്ലുന്നതാണ് പതിവ്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്സവത്തിന് മുന്നോടിയായി പ്രവർത്തകർ തലയിൽ കാളക്കൊമ്പുകൾ ധരിക്കുകയും ശരീരത്തിൽ ചുവന്ന പെയിന്റ് പൂശുകയും ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച സാൻ ഫെർമിൻ ഉത്സവത്തെ ലോകശ്രദ്ധയിലെത്തിച്ചതിൽ അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ ദി സൺ ഓൾസോ റൈസസ് എന്ന നോവലിന് നിർണായക പങ്കുണ്ട്.
ഉത്സവത്തെ പശ്ചാത്തലമാക്കി രചിച്ച ഈ കൃതി പ്രസിദ്ധീകരിച്ചിട്ട് ഈ വർഷം 100 വർഷം തികയുന്നതും ശ്രദ്ധേയമാണ്.
യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഉത്സവത്തിൽ പങ്കെടുക്കാനും കാളയോട്ടം കാണാനുമായി പാംപ്ലോണയിലേക്ക് എത്തുന്നത്. സംഗീതപരിപാടികൾ, പരേഡുകൾ, സാംസ്കാരിക ആഘോഷങ്ങൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നഗരമൊട്ടാകെ അരങ്ങേറുന്നുണ്ട്.